അയാള്‍ മരിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ മദ്യം മാത്രം ആഹരിച്ചിരുന്ന ചുവന്ന കണ്ണുകളുള്ള ആ മെലിഞ്ഞ രൂപം. ആ ഇരുനില മട്ടുപ്പാവില്‍ അയാള്‍ ഒറ്റക്കായിരുന്നു താമസം, വല്ലപ്പോഴും വന്നു പോകുന്ന പൂന്തോട്ടക്കാരന് മാത്രമായിരുന്നു അതിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ കണ്ട മറ്റൊരു ജീവി! പതിവായ് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. പണ്ട് ബെന്‍സു കാറൊക്കെ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാണുമ്പോളൊക്കെ അയാള്‍ എന്നെ നോക്കാറുണ്ടെന്നു സണ്‍ ഗ്ലാസിനകത്ത് ഒളിച്ചിരുന്ന് എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു. മദ്യപാനം കഴിഞ്ഞ് മൂന്നു മണിയോടെ എത്തുന്ന അയാള്‍ വീണ്ടും മദ്യപിക്കാനായ് ആറുമണിയോടെ പുറത്തേയ്ക്കു പോകുന്നതു പതിവായിരുന്നു. പിന്നെ രാത്രിയില്‍ എപ്പോഴോ മടക്കം. ഇന്നു രാവിലെ അയാളുടെ വീടിനു പുരത്ത് കുറച്ചാളുകളും പോലീസും കൂടി നില്‍ക്കുന്നത് കണ്ട് അന്വഷിച്ചപ്പോള്‍ ചീഞ്ഞളിഞ്ഞുവെന്ന് പറഞ്ഞു, മൂന്നു ദിവസത്തോളം പഴക്കമുണ്ടാകുമെന്നും, സ്റ്റെപ്പില്‍ നിന്നു വീണു ബോധം പോയി ചോരവാര്‍ന്നു മരിച്ചതാണെന്നും പോലീസുകാരന് പറഞ്ഞു. തരിച്ചുനിന്ന ഞാന്‍ ഓര്‍ത്തു; രണ്ടു ദിവസമായി എന്തോ ചത്തു നാറുന്നുവെന്നു ഞാന്‍ തന്നെയല്ലെ എന്നോട് പറഞ്ഞത്! ചീഞ്ഞളിഞ്ഞ് ചീര്‍ത്ത് മൂന്നിരട്ടിയായ ആ ശരീരം വലിയൊരു കെട്ടായ് നഗരസഭയുടെ ആംബുലന്‍സിലേയ്ക്കു കയറ്റുന്നത് മുറിയുടെ നഗ്നത മറയ്ക്കുന്ന ജനാലയിലെ ചുവന്ന കര്‍ട്ടനിടയില്‍കൂടി ഞാന്‍ കണ്ടു. എന്നോ കുടുംബ ബന്ധത്തിന്റെ രസതന്ത്രത്തില്‍ വിഷം കലര്‍ന്നപ്പോഴാണോ, അതോ ഓരോ വാക്കിനും കൈയടിക്കുന്ന കൂട്ടു കുടിയന്മാരാണോ, അതോ തകര്‍ന്ന ബിസ്സിനസ്സ് കരകയറ്റാന്‍ നോക്കിയപ്പോള്‍ കെട്ടിട്ടുപൂട്ടിയ സര്‍ക്കാരും അവരുടെ ടാക്സു ഡിപാര്‍ട്ടുമെന്റുമോ, അതോ എടുത്തതിന്റെ നൂറിരട്ടി തിരിച്ചടയ്ക്കണമെന്നു പറയുന്ന ന്യൂജനറേഷന് ബാങ്കോ ,അതോ നിര്‍ത്താതെ സമരം ചെയ്ത തൊഴിലാളികളോ ,അതോ വെറുതെ കുമിഞ്ഞു കൂടിയിരുന്ന അപ്പനപ്പൂപ്പന്മാരുടെ സാമ്പത്തിക ഭദ്രതയോ!? ഇതിലെന്തോ ഒന്നായിരിക്കില്ലേ ഈ ചീഞ്ഞളിയലിനു കാരണം!!? പക്ഷെ കണ്ടപ്പോള്‍ എന്നെങ്കിലും എനിക്കൊന്നു ചിരിക്കാമായിരുന്നില്ലേ എന്ന ചിന്ത എന്നെ കുത്തിപ്പറിക്കുന്നു. ഇനിയതിനു കഴിയുകയുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വിങ്ങലും.!