Wednesday, February 4, 2009

നോക്കുകൂലി

കാട്ടുതുളസി എന്ന തുളസീധരന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ടോടി വന്ന കൊച്ചുതുളസീയന്‍ നെഞ്ചത്തടിച്ചു കൊണ്ട്,
“അച്ചാ.. എന്നെ ഹെഡ്മാഷ് ഇനി സ്കൂളില്‍ ചെല്ലേണ്ടാ എന്നും പറഞ്ഞ് വെളിക്കിറക്കി വിട്ടു..”
ചെറുക്കന്‍ നിര്‍ത്താതെ നിലവിളി.
ലോറിയില്‍ തടി കയറ്റിക്കൊണ്ടു നിന്ന സ്ഥലത്തെ ചുമട്ടുതൊഴിലാളിയും, അറിയപ്പെടുന്ന അലവലാതിയുമായ കാട്ടുതുളസി, ഐലസ...ഐലസാ... എന്ന റേപ്പു ചെയ്യപ്പെട്ട റാപ്പിനു വിരാമമിട്ടു കൊണ്ട് ചാടിയിറങ്ങി. കൊളീക്കായ വാസുവിനോട്, ഡേയ്.. ഞാനിതിനൊരു തീരുമാനമുണ്ടാക്കിയിട്ടു വരാം, എന്റെ ചെറുക്കനെ ഞാന്‍ അയാളേക്കാള്‍ വല്ല്യ മാഷാക്കും. ഇന്നവന്റെ മഷി ഞാന്‍ തെറുപ്പിക്കും.. എന്നും മറ്റും മുരണ്ട് കാരിരുമ്പു പോലത്തെ ആ കറുത്തുകുറുകിയ ദേഹത്തേക്കു, ഒരു മുഷിഞ്ഞ ബഹറിന്‍ ട്ടീഷര്‍ട്ട് വലിച്ചു കയറ്റി. തുളസീയനേയും കൂട്ടി നേരെ സ്കൂളിലേക്ക്..

പ്രസവം കഴിഞ്ഞ യുവതി കണക്കേ കിടക്കുന്ന, കൊയ്തൊഴിഞ്ഞ വയല്‍ കടന്നു പോകുമ്പോള്‍ തുളസി ചെറുക്കനെ കിട്ടിയ തണലില്‍ കയറ്റിനിറുത്തിയിട്ട് ഡാ.. ഞാന്‍ ദാ വരുന്നൂ.. എന്നു പറഞ്ഞ് നേരെ വയല്‍ വരമ്പരികത്തുള്ള ഞൊണ്ടിയുടെ ഷാപ്പിലേക്ക് ചെന്നു. വിറയാര്‍ന്ന ശബ്ദത്തോ‍ടെ ഞൊണ്ടി: എന്താടേ ഇന്നു ലേയ്റ്റായേ?
“അണ്ണാ,എന്റെ ചെറുക്കന്റെ ഭാവി പ്രശ്നം. അവനെ ആ വരുത്തന്‍ ഹെഡ്മാഷ് അയാളേക്കാള്‍ വലിയ മാഷാവാന്‍ സമ്മതിക്കില്ല്ല പോലും. എന്നാലതൊന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഒരിരുനൂറിങ്ങെടുത്തേ.”
നിമിഷ നേരം കൊണ്ട് അതു സേവിച്ച്, ഒരു നീളന്‍ തുപ്പും നീട്ടി, നേരെ ചെറുക്കന്റെ അടുത്തേക്ക്.
“എഴാ.. തന്തയ്ക്കു പിഴക്കാത്തവനേ.. വാഡാ.. നിന്റെ ഭാവി ഇന്നു ഞാന്‍ ഷെരിയാക്കും...”

ഏകദേശം ആദ്യത്തെ പീരിയഡ്സ് കഴിഞ്ഞേയുള്ളൂ. കിട്ടിയ സമയം കുട്ടികള്‍ കളിയും ചിരിയും തമ്മില്‍ ചെകിട്ടത്തടിയും.
“ഏതവനാഴാ.. എന്റെ കൊച്ചിനെ വെളിക്കിറക്കിയത്.. എറങ്ങ്ങി വാഴാ...”
ബഹളം കേട്ട് ട്ടീച്ചേഴ്സ് റൂമിന്റെ കിന്നാരത്തില്‍ നിന്നും നാലഞ്ചു വിദ്യാസമ്പന്നര്‍ പുറത്തേക്കു വന്നു. കൂട്ടത്തില്‍ തേക്കിന്തടിയായ മുരുകന്‍ മാഷ്. “എന്താടേ തൊളസീ.. എന്താ പ്രശ്നം?
“സാഷെ സാഴിനു വിവഴം ഉണ്ടൂ,പക്ഷെ ആ എമ്പോക്കി ഹെഡ്മാഷിനു വിവഴമില്ല. എവിഴെ അവന്‍? ഇന്നു ഞാന്‍ അവന്റെ മഷി തെറൂപ്പിക്കും.
അപ്പോള്‍ ക്ലാസ്സുമുറികളില്‍ പരിശോധനയിലായിരുന്ന ഹെഡ്മാഷ് ഫ്രെയിമിലെത്തി. “ എന്താ.. എന്താ ഇവിടെ പ്രശ്നം..?”
അപ്പോള്‍ തേക്കിന്തടി: “ ഇയാളുടെ മകന്റെ പ്രശ്നവുമായിട്ടാണിയാള്‍ വന്നിരിയ്ക്കുന്നത്”
“ഓ.. അതു ശെരി.. വര്‍ഷത്തില്‍ ആകെ പഠിപ്പ് പത്തു മാസം, അതില്‍ തന്റെ മോന്‍ വരുന്നത് ഒരു മാസം. ഇതിനേക്കാള്‍ അവന്‍ വരാതിരിക്കുന്നതാണു നല്ലത്. സ്കൂളിനു അത്രയും കഞ്ഞിയെങ്കിലും ലാഭിക്കാം.”
ഫീലു ചെയ്ത തുളസി അലറിക്കൊണ്ട് ഹെഡ്മാഷിന്റെ അടുത്തേക്കു പാഞ്ഞു വന്നപ്പോള്‍, തേക്കിന്തടിയും കൂട്ടരും ബ്ലോക്ക് ചെയ്തു. ആ മള്‍ട്ടി പര്പ്പസ് ലോക്കില്‍ കിടന്നു കൊണ്ട് തുളസി തെറിയുടെ ഡിക്ഷണറി വലിച്ചു കീറി.
“ എന്റെ കൊച്ചനെ നീ ക്ലാസ്സില്‍ കയറ്റിയില്ലെങ്കില്‍ എനിക്കൊരു പുല്ലുമില്ലെടാ വരുത്താ.. എന്റെ ചെറുക്കന് കയറ്റിറക്കു ജോലി ചെയ്യാന്‍ നിന്റെ പഠിപ്പു വേണ്ടേടാ പുന്നാര മോനേ.. അവനു നോക്കിനിന്നാലും കിട്ടുമെടാ കൂലി.”
പശ്ചാത്തലത്തില്‍ വിപ്ലവ ഗാനം.
സമ്മേളനം, മുഖ്യ അജണ്ട: നോക്കുകൂലി'ത്തല്ല്' എങ്ങനെ കൂടുതല്‍ മൃഗീയമാക്കാം?

No comments:

Post a Comment