Wednesday, March 4, 2009

ഏപ്രില്‍ ഫൂള്‍

പ്രായം നാല്പത് കഴിഞ്ഞെങ്കിലും അശോകന് ആരോഗ്യക്കുറവ് ഒന്നും തന്നെയില്ല, കാരണം ചിട്ടയായ ജീവിത ക്രമം തന്നെ. പനിയായാലും ചുമയായാലും രാവിലത്തെ നടപ്പ് ഉപേക്ഷിക്കില്ല , ഭക്ഷണം കാലറി ചാര്‍ട്ട് നോക്കിമാത്രം! ഈ കഷ്ടപ്പെടുന്നതിനൊക്കെ മുഖ്യകാരണം മറ്റൊന്നുമല്ല. വൈകുന്നേരം ക്ലബ്ബില്‍ ഇരുന്നുള്ള മൂന്ന് പെഗ്ഗിന്റെ പ്രാണായാമം! അതിന്റെ സുഖമൊന്നുവേറെ തന്നെയെന്നും, അതില്ലാതെ എന്താഘോഷമെന്നും അശോകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ പ്രാണായാമം കൂടിപ്പോയാലും, അതിന്റെ തലവേദന പിറ്റേന്നുള്ള പ്രാണായാമം വരെ നീണ്ടു നിന്നിരുന്നാലും ശരി , അശോകന്‍ ഇതുതന്നെ പറയും. ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ കുറച്ചുനേരം സ്നേഹിച്ച് ശല്യം ചെയ്യല്‍. അപ്പോഴേയ്ക്കും കിച്ചെനില്‍ നിന്നും മിസ്സിസ്സ്. അശോകന്‍ എത്തി കുട്ടികളെ രക്ഷിച്ചിരിക്കും. പിന്നെത്തെ കുളിയ്ക്കു ശേഷം അനുസരണയുള്ള കുട്ടിയായ് ഭക്ഷണം, പിറ്റേന്നുള്ള പ്രാണായാമത്തിന് പ്രാണന്‍ നിലനിര്‍ത്തണമേയെന്നുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉറക്കത്തിന്റെ തമോഗര്‍ത്തത്തിലേയ്ക്ക്. ഒരു ദിവസം രാവിലെ നടപ്പ് കഴിഞ്ഞെത്തിയുള്ള സ്ഥിരം പത്രപാരായണത്തിനിടയില്‍ ഇളയ മകളായ മുല്ല വന്ന് കൊഞ്ചലോടെ അശോകനോട് കെഞ്ചി. “അച്ചൂ...ഇന്ന് ഏപ്രില്‍ ഫൂള്‍ ആണ്. അപ്പുറത്തെ പിച്ചിയെ പറ്റിക്കാന്‍ ഒരു നമ്പര്‍ പറഞ്ഞു താ......പുന്നാര അച്ചുവല്ലെ...” മകള്‍ക്ക് എന്തു നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന് ആലോചിക്കാന്‍ തുടങ്ങിയ അശോകന്‍ പെട്ടന്ന് എന്തോ ഓര്‍ത്ത് അസ്വസ്ഥനായികൊണ്ട് ദേഷ്യത്തോടെ മുല്ലമൊട്ടിനോട് “നിനക്കിതെന്താ ഇന്നലെ പറഞ്ഞുകൂടായിരുന്നോ?, ഈശ്വരാ ഇനിയിപ്പോള്‍ എന്തു ചെയ്യും!”. ഇതുകേട്ട് പേടിച്ച മുല്ലമൊട്ട് കുഞ്ഞുവായാല്‍ അശോകനെ ആശ്വസിപ്പിച്ചു. “സാരമില്ലച്ചൂ...രാവിലെയായതല്ലേയുള്ളു,പിച്ചി ഉണര്‍ന്നു കാണില്ല. കുറച്ചു കഴിഞ്ഞു പറഞ്ഞാലും മതി.” ഇതുകേട്ട് പിന്നേയും വയലന്റ് ആയ അശോകന്‍. “ ഒന്നാം തീയതി ബാര്‍ അവധിയാ, നീയിതു ഇന്നലെ പറഞ്ഞിരുന്നെങ്കില്‍ എനിക്കൊരു ഒരു ഫുള്ള് മേടിച്ചു വയ്ക്കാമായിരുന്നല്ലോ.” ഒന്നും മനസ്സിലാകാതെ മുല്ലമൊട്ട് കരഞ്ഞുകൊണ്ട് അകത്തേയ്ക്കോടി.

4 comments:

  1. ഒരു കുടിയന്റെ വിഷമം മറ്റൊരു കുടിയനേ മനസിലാകൂ :)

    ReplyDelete
  2. ഞാന്‍ പങ്കുവയ്ക്കുന്നു.നന്ദി.

    ReplyDelete
  3. ബെസ്റ്റ് കണ്ണാ ബെസ്റ്റ്
    ;)

    ReplyDelete
  4. ella kudiyanmarkum pattuna patt...............

    ReplyDelete