Monday, March 16, 2009

ഒരു ഞായറാഴ്ച.

ഞായറാഴ്ച്ചയുടെ ബോറിംഗില്‍ നിന്ന് രക്ഷപ്പെടാനായി അതിരാവിലെ തന്നെ കാര്‍ നാട്ടിലെയ്ക്കു വിട്ടു. ഒരു റെവല്യൂഷണറി പ്രേമവിവാഹത്തില്‍ വരനായതിനുശേഷം വര്‍ഷങ്ങളായി നാട്ടുകാരൊന്നും പരിചയ ഭാവം പോലും കാണിക്കാറില്ല. ചിലരൊക്കെ മുഖം വെട്ടിത്തിരിക്കല്‍ പ്രകടനം വരെ നടത്താറുണ്ട്. പക്ഷെ ജീവിതം ടോട്ടലി തമാശയായി കാണുന്ന എനിക്കിതൊന്നും ഏശാറില്ല. വീടിനടുത്തെത്തിയപ്പോള്‍ എന്നെ തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് ഇപ്പറഞ്ഞതില്‍ ചില മുഖങ്ങള്‍ പ്രകാശപൂരിതമായ് ചിരിച്ചു. തമാശകളെ അകറ്റികൊണ്ട് എന്നിലേയ്ക്കു സന്തോഷം കടന്നുകയറി. കറുത്ത സണ്‍ഗ്ലാസ്സ് കണ്ണിലെ നനവിനെ ഒളിപ്പിച്ചു!

തൊടിയിലെ പ്രിയപ്പെട്ട വരിക്കപ്ലാവിന്റെ സീസണല്‍ നിറവിനെ ആസ്വദിച്ചുകൊണ്ട് നിന്നപ്പോള്‍ രാവിലെ കണ്ടു ചിരിച്ചതില്‍ മൂന്ന് മുഖങ്ങള്‍ വീടിന്റെ മുറ്റത്തേയ്ക്ക് എത്തിയിരിക്കുന്നത് കണ്ടു. വരിക്കപ്ലാവിനോട് ‘സീ യു‘
പറഞ്ഞ് ഞാന്‍ വേഗം മുറ്റത്ത് എത്തി. എല്ലാവര്‍ക്കും ഓരോ സിറ്റി ഷെയ്ഹാന്‍ഡ് നല്‍കിയിട്ട് ഇരിക്കാന്‍ പറഞ്ഞു. “ചേട്ടനില്ല.” ഞാന്‍ അവരോട് പറഞ്ഞു. “ഞങ്ങള്‍ നിന്നെ കാണാന്‍ തന്നെയാ വന്നത്. കുറേ നാളായില്ലെ നിന്നോട് ഞങ്ങളൊക്കെ സംസാരിച്ചിട്ട്. കാര്യം നിനക്ക് തന്നെ അറിയാമല്ലോ. ഇനിയിപ്പോള്‍ അതൊന്നും ഓര്‍ത്ത് ഞങ്ങളായിട്ട് ഒരു അകലം പാലിക്കുന്നില്ല.” സണ്‍ ഗ്ലാസ്സ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തുപോയി. കണ്ണില്‍ സന്തോഷം സൃഷ്ടിച്ച നീരുറവയെ ചങ്കുറപ്പുകൊണ്ട് ഞാന്‍ തടഞ്ഞുവച്ചു. കുടിപള്ളിക്കൂടത്തിലെ വെക്കേഷന്‍ ക്ലാസ്സില്‍ ആദ്യമായ് സാമൂഹ്യപാഠം ശരിക്കും പഠിപ്പിച്ച സുരേഷ് കുമാര്‍ സാറാണ് ഇത്രയും നേരം സംസാരിച്ചത്. കൂടെ വന്നത് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.ക്ലാര്‍ക്കായ മുരളിയെന്ന മണുക്കുവും വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്ന കൃഷ്ണകുമാര്‍ എന്ന കിണ്ണുവും. ഇവര്‍ രണ്ടാളും ഒന്നും മിണ്ടാതെ എന്റെ മാറ്റങ്ങളെ നിശബ്ദരായിരുന്നു പഠിക്കുകയായിരുന്നിരിക്കണം. ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് തോന്നിയ ഞാന്‍ സുരേഷ് സാറിനോടായ് പറഞ്ഞു. “ സാറ് ഓര്‍ക്കുന്നുണ്ടോയെന്നു അറിയില്ല. നാലാം ക്ലാസിലെ വെക്കെഷന്‍ ക്ലാസ്സില്‍ മാര്‍ത്താന്ണ്ഡവര്‍മ്മയുടെ ഭരണപരിഷ്കാരങ്ങള്‍ പത്തെണ്ണം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോയിന്റ് “മാര്‍ത്താന്‍ണ്ഡവര്‍മ്മ കാബറേ നടപ്പിലാക്കിയെന്നായിരുന്നു.” സാര്‍ അന്നു വൈകുന്നേരം തന്നെ സുഹൃത്തായ ചേട്ടനോട് പറയുകയും , എനിക്ക് വീട്ടില്‍ നിന്ന് ആവശ്യത്തിലേറെ കളിയാക്കല്‍ കിട്ടുകയും ചെയ്തു.” ഒരു അദ്ദ്യാപകന്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ വര്‍ത്തമാനത്തില്‍ വലിയ താല്പര്യം കാണിക്കാതെ സുരേഷ്സാര്‍ പറഞ്ഞു. “പാര്‍ലമെന്റ് ഇലക്ഷനാണ്, ഇപ്രാവശ്യവും നമുക്കു സീറ്റ് പിടിക്കണം. അതിനൊക്കെ ഒരുപാട് സാമ്പത്തികം ആവശ്യമാണ്. നീയൊരു രണ്ടായിരം രൂപ നല്‍കി ഇതില്‍ ഭാഗഭാക്കാകണം.” ചതിക്കപെട്ട ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിന്നു. സ്നേഹം നടിച്ച് പ്രേമിക്കപ്പെട്ട് ഗര്‍ഭവും നേടി വഞ്ചിക്കപ്പെട്ട പെങ്കുട്ടികളെ ഞാന്‍ ഓര്‍ത്തുപോയി! കൊടുത്തില്ലെങ്കില്‍ ഇവന്റെയൊക്കെ മുന്നില്‍ വിലയിടിയും, ഇല്ലെങ്കില്‍ ഇവന്മാര്‍ നാട്ടില്‍ വില ഇടിക്കും. അപ്പോഴെയ്ക്കും മണുക്കു രശീതുകുറ്റി എടുത്തിരുന്നു. എന്തൊരു ടീം വര്‍ക്ക്! മനസ്സില്ലാ മനസ്സോടെ ജീന്‍സിന്റെ പോക്കറ്റില്‍ ചന്തിയുടെ ചൂട് പറ്റി ഉറങ്ങുകയായിരുന്ന മുന്തിയ ബ്രാന്‍ഡിന്റെ പേര്‍ഴ്സ് എടുത്തു. ചെറിയ നോട്ടെന്നും എടുക്കരുതെന്നുള്ള സുരേഷ് സാറിന്റെ ആജ്ഞയെ അനുസരണയുള്ള കുട്ടിയെപ്പോലെ കേട്ടുകൊണ്ട് പേര്‍ഴ്സില്‍ നിന്നും ഒരു ആയിരത്തിന്റെ ഒറ്റനോട്ട് എടുത്ത് നല്‍കി. സോമാലിയായിലെ കുട്ടികള്‍ ബിരിയാണി കണ്ട പോലെ അവര്‍ ഇരുന്നു പോയി! ശേഷം ഞാന്‍ അവരോട് വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോഴെയ്ക്കും അവര്‍ തൊടി കടന്നിരുന്നു.

വല്ലപ്പോഴും ഞാന്‍ വരുമ്പോള്‍ മാത്രമേ മദ്യപിക്കാറുള്ളൂവെന്ന് അവകാശപ്പെടുന്ന മോഹനന്‍ ചേട്ടനേയും കൂട്ടി ഉച്ചയ്ക്ക് അടുത്തുള്ള ചെറുപട്ടണത്തിലെ ബാറില്‍ ബീയര്‍ കുടിക്കാന്‍ പോയി. വളരെ സ്വകാര്യമായി ഇരിക്കണം എന്ന എന്റെ ആവശ്യം പരിഗണിച്ച്, ബാറിലെ എയര്‍ കണ്ടീഷന്‍ ഹാളിലെ ചെറുചെറു കാബിനുകളില്‍ ഒന്നില്‍ കയറിപറ്റി. അടുത്തുള്ള കാബിനുകളിലെ ബഹളങ്ങളുടെ ഇടയില്‍ ഞങ്ങള്‍ ഓര്‍ഡര്‍ നല്‍കി. അറ്റ്മോസ്ഫിയര്‍ പിടിക്കാതെ ഞാന്‍ മോഹനന്‍ ചേട്ടനോടു പറഞ്ഞു. “എന്തൊരു താമസമാണിത്.എത്ര നേരമായ് ഓര്‍ഡര്‍ കൊടുത്തിട്ട് !!?.” മോഹനന്‍ ചേട്ടന്‍ ആശ്വസിപ്പിച്ചു. ബോറടി മാറ്റാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍
തൊട്ടടുത്ത കാബിനിലേയ്ക്ക് ഞാന്‍ ചെവി കൊടുത്തു. “ ഇന്നു നമ്മുക്കു ശരിക്കും ആഘോഷിക്കണം. ഇന്നു കണികണ്ടവനെ എന്നും കണികാണിച്ചു തരണേ എന്റെ ഗോര്‍ബച്ചേവ് പുണ്യവാളാ... രാവിലെ തന്നെ ആയിരത്തിന്റെ ഒറ്റനോട്ടാണ് വീണത്, അടിചുപൊളിയെടെയ്...ചീയേര്‍സ്...... ചീയേര്‍സ്...”
പെട്ടന്ന് ഞാന്‍ തിരിച്ചറിഞ്ഞു. “അതു സുരേഷ് സാറിന്റെ ശബ്ദമല്ലേ!!!!”.

1 comment:

  1. ningaludae postukal okkae valarae nalathanu ...ellathilum entho olinju kidakunathu polae.... all the best.... ningalku oru nalla bhavi undu dont spoil it...

    ReplyDelete